നേരിട്ടുള്ള ആക്രമണത്തിലൂടെ കീഴടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇറാനെ സാമ്പത്തികമായി വരിഞ്ഞു മുറുക്കാനുള്ള നീക്കവുമായി അമേരിക്ക. ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിക്ക് നല്‍കിയിരുന്ന ഇളവുകള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഗള്‍ഫ് ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇറാന്റെ ഫണ്ടുകള്‍ പരിശോധിക്കാനും ഇറാന്‍ ഭരണകൂടം, അവിടുത്തെ നേതാക്കള്‍, റെവല്യൂഷണറി ഗാര്‍ഡ് എന്നിവരുടെ ആസ്തികള്‍ മരവിപ്പിക്കാനും ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബിസെന്റ് വ്യക്തമാക്കി.
|
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ നയതന്ത്ര പരിഹാരത്തിനായി പാകിസ്ഥാന്‍ മധ്യസ്ഥശ്രമം നടത്തുന്നതിനിടയിലാണ് ഇറാന്റെ ആസ്തികള്‍ മരവിപ്പിക്കാനും നാവിക ഉപരോധം ഏര്‍പ്പെടുത്താനുമുള്ള അമേരിക്കയുടെ ഈ നീക്കം.
ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ശനമായ ‘സെക്കന്‍ഡറി ഉപരോധങ്ങള്‍’ ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ ഊര്‍ജ്ജ സാഹചര്യം മിഡില്‍ ഈസ്റ്റിലെ പങ്കാളി രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക ഏകോപിപ്പിക്കുന്നുണ്ട്. ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ നേരത്തെ അനുവദിച്ചിരുന്ന പൊതു ലൈസന്‍സുകളോ ഇളവുകളോ ഇനി പുതുക്കില്ലെന്ന് സ്‌കോട്ട് ബിസെന്റ് അറിയിച്ചു.
ALSO READ: ഖത്തറില്‍ ലൈസന്‍സില്ലാതെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച മൂന്നുപേരെ പിടികൂടി
ഇറാന്‍ എണ്ണയ്ക്കുള്ള മുപ്പത് ദിവസത്തെ ഇളവ് ഉടന്‍ അവസാനിക്കും. റഷ്യന്‍ എണ്ണയ്ക്കുള്ള സമാനമായ ഇളവ് ഏപ്രില്‍ 19-ന് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആഗോള ഊര്‍ജ്ജ വില കുറയ്ക്കാനായി ഉപരോധങ്ങളില്‍ ഇളവ് നല്‍കിയിരുന്ന ട്രംപ് ഭരണകൂടത്തിന്റെ നയം അവസാനിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ ട്രഷറി വകുപ്പ് അനുവദിച്ച ഇളവുകള്‍ വഴി ഏകദേശം 14 കോടി ബാരല്‍ എണ്ണ വിപണിയിലെത്തുകയും യുദ്ധകാലത്തെ വിതരണ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇനി ഉപരോധം കര്‍ശനമാക്കുന്നതോടെ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തുമെന്നാണ് അമേരിക്ക കരുതുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ആഗോള എണ്ണ വിതരണം സാധാരണ നിലയിലാകുമെന്നും, കടലിടുക്ക് തുറന്നാലുടന്‍ കയറ്റുമതി പുനരാരംഭിക്കാന്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ട്രഷറി സെക്രട്ടറി വിശദീകരിച്ചു.
ഇറാന്‍ എണ്ണ പ്രതിസന്ധിയെക്കുറിച്ച് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ധനമന്ത്രിമാരുമായി ട്രഷറി സെക്രട്ടറി ഉടന്‍ കൂടിക്കാഴ്ച നടത്തും. വരാനിരിക്കുന്ന വേനല്‍ക്കാലത്ത് അമേരിക്കയിലെ പെട്രോള്‍ വില ഏകദേശം മൂന്ന് ഡോളറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ യുദ്ധസാഹചര്യം അവസാനത്തോടടുക്കുകയാണെന്നും സ്‌കോട്ട് ബിസെന്റ് കൂട്ടിച്ചേര്‍ത്തു.





