|
കോഴിക്കോട്: കോഴിക്കോട്ടെ വടകരയിൽ നിർത്തിയിട്ട കാരവാനിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശി മനോജ്, കോഴിക്കോട് ചെറുപുഴ സ്വദേശി ജോയൽ എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു രണ്ടുപേരും. ഏറെനേരെ വാഹനം ഓടിച്ചതോടെ റോഡരികിൽ നിർത്തിയിട്ട ശേഷം വിശ്രമിക്കാൻ കിടന്നതാണെന്നും ഇതിനിടെ എസിയുടെ ഗ്യാസ് ലീക്കായതോടെ മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധര്‍ ഇന്ന് രാവിലെ സ്ഥലത്ത് എത്തും. തുടർന്ന് മാത്രമേ മൃതദേഹം വാഹനത്തിൽ നിന്നും മാറ്റൂ.
ഇന്നലെ രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തെക്കുറിച്ച് നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനാൽ പൊലീസ് സ്ഥലത്തെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു മൃതദേഹം വാഹനത്തിനകത്തും മറ്റൊന്ന് പടികളിലുമായി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മലപ്പുറത്തെ “ഫ്രണ്ട് ലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് പ്രോപ്പർട്ടി മാനേജ്‍മെന്‍റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കാരവാൻ.
വടകര പോലിസ് ആണ് കേസ് അന്വേഷിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





