ന്യൂഡൽഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളുടെയും വിദ്വേഷകുറ്റകൃത്യങ്ങളുടെയും എണ്ണം വർദ്ധിച്ചുവരുന്നതായി സിപിഎമ്മിന്റെ വി. ശിവദാസൻ എംപി പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന്, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഉത്തരം നൽകി.
|
സർക്കാരിന്റെ മറുപടി പ്രകാരം, 2022 മുതൽ അക്രമസംഭവങ്ങൾ കുത്തനെ വർധിച്ചു. 2022ൽ ആകെ 52 ആക്രമണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2023ൽ, 109 ആയി ഉയർന്നു. 2024ലും തൽസ്ഥിതി തുടർന്നു, 107 സംഭവങ്ങൾ ആണ് ഉണ്ടായത്. 2025ൽ, ജൂലൈ അവസാനം വരെ, 50 സംഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ മുൻവർഷങ്ങളിൽ ഉള്ളതിനേക്കാൾ കൂടിയേക്കാം എന്നാണ് ഇത് കാണിക്കുന്നത്.
രാജ്യാടിസ്ഥാനത്തിലുള്ള ഡാറ്റ പ്രകാരം, ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രീലങ്കയിലാണ്, (66 കേസുകൾ). അമേരിക്കയിൽ (34) സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കാനഡ (28) റഷ്യയിൽ (20), യുണൈറ്റഡ് കിംഗ്ഡം (19), ജർമ്മനി (13). ഏറ്റവും കൂടുതൽ പ്രവാസ ഇന്ത്യക്കാരുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (22) ആക്രമണം ഉണ്ടായി. ഫിലിപ്പീൻസിൽ (19). ഓസ്‌ട്രേലിയ (8) എന്നിങ്ങനെയാണ് ആക്രമണങ്ങളുടെ കണക്ക്.
ഇന്ത്യൻ വിദ്യാർത്ഥികളും കുടിയേറ്റ തൊഴിലാളികളും കൂടുതലുള്ള രാജ്യങ്ങളിലാണ് ആക്രമണങ്ങൾ കൂടുതലായി നടക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പല കേസുകളിലും, ആക്രമണങ്ങൾ വംശീയതയുടെയും തീവ്രദേശീയതയുടെയും ഭാഗമായി നടക്കുന്ന വിദ്വേഷകുറ്റകൃത്യങ്ങളാണ്. വലതുപക്ഷ തീവ്രദേശീയസംഘങ്ങൾ, ആസൂത്രിതമായി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനായി നടത്തുന്ന ആക്രമണങ്ങൾ ഈ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്നുണ്ട്.
2023 ലെ കുത്തനെയുള്ള വർദ്ധനവും 2024 ൽ തുടർച്ചയായ ഉയർന്ന എണ്ണവും ഈ ആക്രമണപരമ്പരകളെ ഗൗരവമായി എടുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. 2025 പകുതിയോടെ തന്നെ, അക്രമങ്ങൾ 2022 ലെ ആകെ ആക്രമണങ്ങളുടെ എണ്ണത്തിന്റെ അടുത്തു എത്തിയിരിക്കുന്നു എന്ന് കാണാം.
അയർലൻഡിൽ മലയാളികൾ അടക്കമുള്ള ഇന്ത്യൻ വംശജർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വാർത്തയായി എങ്കിലും സർക്കാരിന്റെ കണക്കുകളിൽ അത് ഉൾപ്പെട്ടതായി കാണുന്നില്ല. ഇത് ഡാറ്റയുടെ സമഗ്രതയെപ്പറ്റി സംശയം ഉളവാക്കുന്നുണ്ട്. സമഗ്രമായ പഴുതടച്ച ഒരു റിപ്പോർട്ടിങ് സംവിധാനം തന്നെ നിലവിൽ ഇല്ല എന്നതാണ് ഇത് കാണിക്കുന്നത്.
ഇന്ത്യക്കാരുടെ സുരക്ഷക്കായി ഇന്ത്യൻ ഭരണകൂടം ശക്തമായി ഇടപെടണം. എംബസ്സികളുടെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്. പലയിടങ്ങളിലും അക്രമം നേരിടുന്നവർ പരാതിപ്പെടാൻ പോലും കഴിയാതെ നിസ്സഹായരാവുന്ന അവസ്ഥയുണ്ട്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ ദേശീയ ഉത്തരവാദിത്തമായി കണക്കാക്കണമെന്ന് ഡോ. ശിവദാസൻ പറഞ്ഞു.
Violence against Indians abroad is increasing, most in Sri Lanka, US and Canada; data shows attacks also in the UAE





