World leaders sign Gaza peace deal ഗസയിലെ ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ച് ലോകരാജ്യങ്ങള്‍. ഈജിപ്തിലെ ശറമു ശൈഖില്‍ ചേര്‍ന്ന സമാധാന ഉച്ചകോടിയില്‍ യു.എസ്പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഇരുതോളം രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു. ട്രംപിന് പുറമേ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
|
അതേസമയം ഉച്ചകോടിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുത്തില്ല. ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ നേതാക്കളെ ട്രംപ് പ്രശംസിച്ചു.
പശ്ചിമേഷ്യയില്‍ പുതിയ പുലരിയുടെ തുടക്കം കുറിക്കുന്നതാണ് കരാറെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, യുദ്ധാനന്തര ഗസയുടെ ഭാവി, അന്താരാഷ്ട്ര സമാധാനസേന, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലുള്ള നിലപാട് കരാറില്‍ ഇപ്പോഴും അവ്യക്തമാണ്.
ഗസയില്‍ ശാശ്വത സമാധാനമാണ് പുലര്‍ന്നിരിക്കുന്നതെന്നും പുനര്‍ നിര്‍മാണം ഉള്‍പ്പടെയുളള വിഷയങ്ങളില്‍ ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടാണെന്നും ട്രംപ് പറഞ്ഞു.വെടിനിര്‍ത്തലിന് മുന്നിട്ടിറങ്ങിയ ട്രംപിനെ വിവിധ രാജ്യങ്ങള്‍ പ്രശംസിച്ചു.
ALSO READ: ഗസയ്ക്ക് 57.6 കോടി രൂപയുടെ അധിക സഹായം വാഗ്ദാനം ചെയ്ത് അയര്‍ലന്‍ഡ്
വെടിനിര്‍ത്തലിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെ ഇരുപത് ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി. തുടര്‍ന്ന് നാല് ബന്ദികളുടെ മൃതദേഹങ്ങളും കൈമാറി. അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറാത്ത ഹമാസ് നടപടി കരാര്‍ ലംഘനമാണെന്ന് ഇസ്രായേല്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍, മൃതദേഹങ്ങള്‍ ഒരു ദിവസം കൊണ്ട് കൈമാറണമെന്ന് കരാറില്‍ പറയുന്നില്ലെന്ന് മധ്യസ്ഥ രാജ്യങ്ങള്‍ അറിയിച്ചു. ഇസ്രായേല്‍ വിട്ടയച്ച നൂറുകണക്കിന് ഫലസ്തീന്‍കാര്‍ക്ക് ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസയിലെ ഖാന്‍ യൂനുസില്‍ വീരോചിത സ്വീകരണമാണ് ലഭിച്ചത്.
154 പേരെ മറ്റിടങ്ങളിലേക്ക് അയക്കും
അതേസമയം, കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീന്‍ തടവുകാര്‍ക്ക് ഗസയിലേക്ക് മടങ്ങാനാവില്ല. ഇവരെ ഈജിപ്ത് ഉള്‍പ്പെടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നിര്‍ബന്ധിതമായി നാടുകടത്തുമെന്നാണ് ഇസ്രായേല്‍ നിലപാട്. ഇവര്‍ വീണ്ടും ഗസയിലെത്തി രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത് തടയുകയാണ് ലക്ഷ്യം.
ഇത് അന്യായവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക വിരുദ്ധവുമാണെന്ന് ഫലസ്തീന്‍ പോരാളി സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ പൗരത്വം മാത്രമുള്ള ഇവരെ മറ്റു രാജ്യങ്ങളിലേക്ക് നാട് കടത്തുന്നത് ചെറിയ ജയിലില്‍ നിന്ന് വലിയ ജയിലിലേക്ക് മാറ്റുന്നതിന് തുല്യമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
എല്ലാ വിലക്കുകളും മറികടന്ന് ഗസയിലേക്ക് സഹായം ഉറപ്പു വരുത്തണമെന്ന് യു.എന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇന്നുമുതല്‍ ദിനംപ്രതി 400 ട്രക്കുകള്‍ ഗസയിലേക്ക് കടത്തി വിടാനാണ് ഇസ്രായേല്‍ നിര്‍ദേശം. അതിനിടെ, ഇസ്രായേല്‍ പിന്തുണയോടെ ഗസയില്‍ സജീവമായ പ്രാദേശിക കൊള്ളസംഘങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ഹമാസ് മുന്നറിയിപ്പ് നല്‍കി.
ആയുധങ്ങളും മറ്റു സൗകര്യങ്ങളുമൊരുക്കി ഹമാസിനെതിരെ പോരാടാന്‍ ഈ സംഘങ്ങളെ പ്രാപ്തരാക്കുകയാണ് ഇസ്രായേല്‍. സൈന്യം പിന്മാറിയെങ്കിലും ഗസയില്‍ അരക്ഷിതത്വം സൃഷ്ടിക്കുകയാണ് ലക്ഷ്യം.


