
പാണക്കാട് സാദിഖലി തങ്ങളുമായി ബന്ധപ്പെട്ട ക്രിസ്മസ് കേക്ക് വിവാദത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവിനെതിരേ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍. (Xmas cake: Letter to Jifri Thangal against Hameed Faizy Ambalakkadavu) സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഹമീദ് ഫൈസിക്കെതിരേ അച്ചടക്ക നടപടി വേണമെന്നാണ് ജിഫ്രി തങ്ങള്‍ക്കെഴുതിയ കത്തിലെ ആവശ്യം.
![]() |
|
25ഓളം സമസ്ത നേതാക്കള്‍ ഒപ്പിട്ട കത്ത് ഇന്നലെ ദാറുല്‍ ഹുദയില്‍ നടന്ന ചങ്ങിലാണ് ജിഫ്രി തങ്ങള്‍ക്ക് കൈമാറിയത്. പാണക്കാട് സാദിഖലി തങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സമസ്തയിലെ ലീഗ് അനുകൂലികളായ അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി ഉള്‍പ്പെടെയുള്ളവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സമസ്ത വിലക്കിയിരുന്നു. അത് ലംഘിച്ചാണ ഹമീദ് ഫൈസി പ്രവര്‍ത്തിച്ചതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനാ വിരുദ്ധ നടപടിയായി കണക്കിലെടുത്ത് നടപടി വേണമെന്നാണ് ആവശ്യം.
ALSO READ: സാദിഖലി തങ്ങള്‍ ക്രിസ്മസ് ആഘോഷത്തിന് കേക്ക് മുറിച്ചതിനെതിരേ അബ്ദുല്‍ ഹമീദ് ഫൈസി
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് കേക്ക് മുറിച്ചതിനെതിരേ വിമര്‍ശനവുമായി സമസ്ത നേതാവ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തിയിരുന്നു. കേക്ക് മുറിച്ചതിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയ അബ്ദുസ്സമദ് പൂക്കോട്ടൂരിന് മറുപടി എന്ന നിലയിലായിരുന്നു ഒരു പരിപാടിയില്‍ ഹമീദ് ഫൈസിയുടെ പ്രസംഗം.
ഇതര മതങ്ങളുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന് അബ്ദുല്‍ ഹമീദ് ഫൈസി ചൂണ്ടിക്കാട്ടി.
ലീഗിന്റെ മുന്‍ നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമസ്തയിലെ ലീഗ് വിരുദ്ധചേരിയുടെ നേതാവാണ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. എന്നാല്‍, പിന്നീട് അത് ആരെയും വ്യക്തിപരമായി ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും പൊതുവായ ഒരു ഇസ്ലാമിക നിയമം പറഞ്ഞതാണെന്നും ഹമീദ് ഫൈസി വിശദീകരിച്ചിരുന്നു.
ഹമീദ് ഫൈസിയുടെ ഈ പ്രസംഗത്തിനെതിരേ ലീഗ് നേതാക്കളായ പിഎംഎ സലാം, പി കെ കുഞ്ഞാലിക്കുട്ടി, ശാഫി ചാലിയം ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ഇത് തുടര്‍ന്നാല്‍ അണികള്‍ കൈകാര്യം ചെയ്യുമെന്ന ഭീഷണിവരെ ശാഫി ചാലിയം മുഴക്കി.
നേരത്തേ കടുത്ത ലീഗ് വിമര്‍ശകനായ ഉമര്‍ ഫൈസി മുക്കത്തിനെതിരേയും സമാനമായ കത്ത് ചില സമസ്ത നേതാക്കള്‍ നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല.