ദുബൈ: യു.എ.ഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് 2026 മുതല്‍. (Etihad Rail passenger service to begin next year ) യു.എ.ഇയുടെ ദേശീയ റെയില്‍വെ ശൃംഖല കമ്പനിയായ ഇത്തിഹാദ് റെയില്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
|
ഏഴ് എമിറേറ്റുകളിലുടനീളമുള്ള 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്ക് വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പുതിയ ട്രെയിന്‍ സര്‍വീസ് യാത്രാ സമയം ഗണ്യമായി കുറക്കും. ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കും. അബൂദബിക്കും ദുബയിക്കും ഇടയില്‍ ഒരു ഹൈസ്പീഡ് ലിങ്കും ആസൂത്രണം ചെയ്തിട്ടുണ്ട്.
അബൂദബി-സൗദി അറേബ്യ അതിര്‍ത്തിയിലെ ഗുവൈഫാത്ത് മുതല്‍ കിഴക്കന്‍ തീരത്തുള്ള ഫുജൈറ വരെ ഏഴു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വിപുലീകൃത ശൃംഖല 2023-ലാണ് ഇത്തിഹാദ് റെയില്‍ ആരംഭിച്ചത്. യു.എ.ഇയിലുടനീളം ഗുഡ്സ് ട്രെയിന്‍ സര്‍വീസുകള്‍ ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്.
അബൂദബിയിലെ ഖലീഫ തുറമുഖം, ദുബയിലെ ജബല്‍ അലി തുറമുഖം, ഫുജൈറ തുറമുഖം, അബൂദബി ഇന്‍ഡസ്ട്രിയല്‍ സിറ്റി, അല്‍റുവൈസ്, ഗുവൈഫാത്ത് എന്നിവയുള്‍പ്പെടെ പ്രധാന തുറമുഖങ്ങളെയും വ്യാവസായിക മേഖലകളെയും റെയില്‍വേ ശൃംഖല ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ട്.
അബൂദബ-ദുബൈ അതിവേഗ റെയില്‍ പദ്ധതിയെ ജനുവരിയില്‍ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ പാത രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം വെറും 30 മിനിറ്റായി കുറക്കും.
അതിവേഗ ലൈന്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയും കടന്നുപോകും. അബൂദബിയിലെ റീം ദ്വീപ്, സാദിയാത്ത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, ദുബയിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനും അല്‍ ജദ്ദാഫ് ഏരിയക്കും സമീപമുള്ള സ്റ്റേഷനുകളും അടക്കം ഈ റൂട്ടില്‍ ആറ് പ്രധാന സ്റ്റേഷനുകളാണുണ്ടാവുക.
ആദ്യത്തെ പാസഞ്ചര്‍ സ്റ്റേഷന്‍ നഗരമധ്യത്തിലെ ഫുജൈറയിലെ സകാംകാമില്‍ നിര്‍മിക്കും. ഷാര്‍ജ യൂണിവേഴ്സിറ്റി സിറ്റിക്ക് സമീപം രണ്ടാമത്തെ പാസഞ്ചര്‍ സ്റ്റേഷന്‍ നിര്‍മിക്കുമെന്ന് ഇത്തിഹാദ് റെയില്‍ 2024 മാര്‍ച്ചില്‍ അറിയിച്ചിരുന്നു. അബൂദബിയിലെയും ദുബയിലെയും സ്റ്റേഷനുകള്‍ക്കുള്ള കൃത്യമായ സ്ഥലങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദുബൈ സ്റ്റേഷന്‍ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റുകള്‍ക്ക് സമീപമായിരിക്കുമെന്നാണ് സൂചന.
ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷന് സമീപത്തായി പ്രധാന പാസഞ്ചര്‍ സ്റ്റേഷന്‍ നിലവില്‍ നിര്‍മാണത്തിലാണ്. അബുദാബിയില്‍, മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയെയും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയെയും വേര്‍തിരിക്കുന്ന പൈപ്പ്ലൈന്‍ ഇടനാഴിയിലൂടെ, ദല്‍മ മാളിനും മുസഫ ബസ് സ്റ്റേഷനും ഇടയില്‍, ഫീനിക്സ് ആശുപത്രിയോട് ചേര്‍ന്നായിരിക്കും സ്റ്റേഷന്‍ എന്ന് പ്രതീക്ഷിക്കുന്നു.
ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ശൃംഖല ഏകദേശം 1,200 കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചുകിടക്കും. അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയിലെ അല്‍സില മുതല്‍ കിഴക്കന്‍ തീരത്തെ ഫുജൈറ വരെ ഇത് നീണ്ടുകിടക്കും. ശൃംഖലയിലെ പ്രധാന സ്റ്റോപ്പുകളില്‍ അല്‍റുവൈസ്, അല്‍മിര്‍ഫ, ദുബായ്, ഷാര്‍ജ, അല്‍ ദൈദ്, അബുദാബി, റാസല്‍ഖൈമ എന്നിവ ഉള്‍പ്പെടും. ഒമാനുമായി നെറ്റ്വര്‍ക്കിനെ ബന്ധിപ്പിക്കുക, പ്രാദേശിക കണക്റ്റിവിറ്റി കൂടുതല്‍ വികസിപ്പിക്കുക എന്നിവയാണ് ഭാവി പദ്ധതികള്‍.





