തിരുവനന്തപുരം: മകൻ അനിൽ കെ.ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ.ആന്റണി. ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം വേദനിപ്പിച്ചെന്ന് ആന്റണി പറഞ്ഞു. തികച്ചും തെറ്റായ തീരുമാനമെന്നാണ് തന്റെ അഭിപ്രായമെന്നും വികാരാധീനനായി ആന്റണി പറഞ്ഞു.
|
രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുർബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ള ശ്രമം നടക്കുന്നു. സമുദായ സൗഹാർദം ശിഥിലമാകുന്നു. തനിക്ക് അവസാന ശ്വാസമുള്ളതുവരെ ബിജെപിയുടെയും ആർഎസ്എസിന്റെയും വിനാശകരമായ നയങ്ങൾക്കെതിരെ ശബ്ദമുയർത്തും. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കുന്നതിനു വിട്ടുവീഴ്ചയില്ലാതെ പോരാടുന്നതിൽ മുൻപന്തിയിൽ നെഹ്‌റു കുടുംബമാണ്. അതുകൊണ്ട് തന്റെ കൂറ് എല്ലാക്കാലത്തും ആ കുടുംബത്തോടായിരിക്കും.
ജീവിതത്തിന്റെ അവസാന നാളുകളിലേക്കാണ് കടന്നു പോകുന്നത്. എനിക്ക് 82 വയസ്സായി. ഇനി എത്ര നാൾ ജീവിക്കുമെന്ന് അറിയില്ല. ദീർഘായുസ്സിന് താൽപര്യവുമില്ല. പക്ഷേ എത്രനാൾ ജീവിച്ചാലും ഞാൻ മരിക്കുന്നത് വരെ ഇന്ത്യൻ നാഷനൻ കോൺഗ്രസ് പ്രവർത്തകനായിരിക്കും. അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും ചോദ്യോത്തരങ്ങൾക്കും ഇനി തയാറാകില്ല. ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണ് ഇത്.- എ.കെ.ആന്റണി പറഞ്ഞു.
കെപിസിസി ആസ്ഥാനത്തു മാധ്യമങ്ങളെ കണ്ട ആന്റണി കണ്ണുകൾ നിറഞ്ഞു വികാരഭരിതനായാണു പ്രതികരിച്ചത്. ചോദ്യങ്ങൾക്കു നിൽക്കാതെ കെപിസിസി ഓഫിസിലെ സ്വന്തം മുറിയിലേക്കു അദ്ദേഹം കയറിപ്പോയി
ഡൽഹിയിൽ ഇന്ന് ഉച്ച തിരിഞ്ഞ് ബിജെപി ആസ്ഥാനത്തെത്തിയാണ് അനിൽ ആന്റണി പാർട്ടി അംഗത്വമെടുത്തത്. കേരളത്തിൽ നിന്ന് ഒരു നേതാവ് പാർട്ടിയിൽ ചേരുമെന്നും ഇത് ഒരു ക്രിസ്ത്യൻ നേതാവാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബി.ജെ.പി അംഗത്വമെടുത്തത്. ബി.ജെ.പി ആസ്ഥാനത്തെത്തിയ അനിലിനെ കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു. കാവി ഷോളണിയിച്ചാണ് അനിലിനെ ബി.ജെ.പി നേതൃത്വം സ്വീകരിച്ചത്.
സമീപകാലത്തെ പ്രവർത്തനങ്ങളും പ്രതികരണങ്ങളും അനിൽ ആന്റണി ബി.ജെ.പിയിലേക്കെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ന് മൂന്ന് മണിക്ക് ഒരു പ്രധാന വ്യക്തി ബി.ജെ.പിയിൽ ചേരുമെന്ന് അറിയിച്ച് പാർട്ടി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവന്നത്. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യുമന്ററിക്കെതിരെ അനിൽ ആൻറണി രംഗത്തെത്തിയതോടെയാണ് അദ്ദേഹം കോൺഗ്രസുമായി അകന്നത്. എഐസിസി സോഷ്യൽ മീഡിയാ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ദേശീയ കോ-ഓഡിനേറ്ററായി പ്രവർത്തിച്ച് വരികയായിരുന്നു. പിന്നാലെ ഈ പദവിയിൽനിന്ന് അദ്ദേഹത്തെ സസ്പെന്റ്ചെയ്തു. ഇതിന് ശേഷം അനിൽ ആന്റണി തുടർച്ചയായി കോൺഗ്രസ് വിമർശനം നടത്തിവരികയായിരുന്നു.
രാഹുൽ ഗാന്ധി ഉൾപ്പടെ കോൺഗ്രസിന്റെ നേതാക്കൾക്കെതിരെ അനിൽ വിമർശനങ്ങളുന്നയിച്ചതും വലിയ വാർത്തയായിരുന്നു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





