പാലക്കാട്: മതവിദ്വേഷ പ്രചരണം നടത്തിയതിന് മുൻ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. പൊന്നാനി കാലടി സ്വദേശി പ്രിയ നിവാസിൽ വി കെ പ്രഭാകരൻ ആണ് അറസ്റ്റിലായത്. ചാലിശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുമിറ്റക്കോട് പഞ്ചായത്തിൽ വെള്ളടിക്കുന്നിലെ ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട് മതസൗഹാർദം തകർക്കുന്ന ലഘുലേഖ പ്രചരിപ്പിച്ചതിന് പിന്നിൽ പ്രഭാകരനാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
|
ഡിവൈഎസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ എടപ്പാളിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി സിസിടിവി ദൃശ്യങ്ങളും ഫോൺകാൾ വിവരങ്ങളും ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്. ലഘുലേഖ പ്രചരിപ്പിച്ചതിന് പുറമെ ഓഡിറ്റോറിയം നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് വകുപ്പുകൾക്കും ഇയാൾ പരാതികൾ ഊമക്കത്തുകളാക്കി അയച്ചിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തി.
സുഹൃത്തിന് ഓഡിറ്റോറിയം നിർമാണ കരാർ നൽകാത്തതിലെ പകയാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. പ്രതിയെ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. ചാലിശ്ശേരി എസ്എച്ച്ഒ സതീഷ് കുമാർ, ഡിവൈഎസ്പി സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ജോളി സെബാസ്റ്റ്യൻ, റഷീദ് അലി, അബ്ദുൽ റഷീദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.





