ദുബയ്: ഒരുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യുന്ന പരിഷ്‌കരിച്ച ഗതാഗത നിയമങ്ങള്‍ ജൂലൈ ആറുമുതല്‍ ദുബയില്‍ നിലവില്‍ വന്നു. നടപ്പാതകളിലൂടെ മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കുക, മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടകരമാവുന്ന രീതിയില്‍ വാഹനമോടിക്കുക, റെഡ് സിഗ്നല്‍ മറികടക്കുക, വ്യാജ നമ്പര്‍ പ്ലേറ്റുമായി വാഹനമോടിക്കുക, മനപ്പൂര്‍വം പൊലീസ് വാഹനങ്ങളില്‍ ഇടിപ്പിക്കുക, 18 വയസ്സിനു താഴെ പ്രായമുള്ളവര്‍ വാഹനമോടിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങള്‍ക്ക് അമ്പതിനായിരം ദിര്‍ഹമാണ് പിഴ.
|
പൊലീസില്‍ നിന്ന് അനുമതിയില്ലാതെ റോഡില്‍ മല്‍സരയോട്ടം നടത്തിയാല്‍ വാഹനം കണ്ടുകെട്ടും. ഒരു ലക്ഷം ദിര്‍ഹം പിഴയടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂ.
വേഗത കൂട്ടാനും ശബ്ദംകൂട്ടാനും നടത്തുന്ന മോഡിഫിക്കേഷന്‍ വരുത്തുക, പൊലീസിനെ കണ്ട് നിര്‍ത്താതെ പോവുക, ലൈസന്‍സ് പ്ലേറ്റില്ലാതെ വാഹനമോടിക്കുക, മല്‍സരയോട്ടം കാണുന്നതിനോ പങ്കെടുക്കുന്നതിനോ കൂട്ടംകൂടി നില്‍ക്കുകയോ കാറുകള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുക, അനുവദനീയമായതില്‍ കൂടുതല്‍ സുതാര്യമല്ലാത്ത ഫിലിമുകള്‍ വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഒട്ടിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 10000 ദിര്‍ഹം പിഴ നല്‍കിയാലേ വാഹനം വിട്ടുനല്‍കൂ.
യുഎഇ പൗരന്‍ അല്ലാത്ത വലിയ വാഹനങ്ങളുടെ ഡ്രൈവര്‍ റെഡ് സിഗ്നല്‍ മറികടന്നാല്‍ പിഴയ്ക്കു പുറമേ രാജ്യത്ത് നിന്ന് നാടുകടത്താനും നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഒരുവര്‍ഷത്തിനകം ഗതാഗതനിയമലംഘനം ആവര്‍ത്തിച്ചാല്‍ വാഹനം പിടികൂടി വയ്ക്കുന്ന കാലാവധി ഇരട്ടിയാക്കി വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം സാഹചര്യത്തില്‍ വാഹനം വിട്ടുനല്‍കുന്നതിന് ഈടാക്കുന്ന പിഴത്തുകയും ഇരട്ടിയാക്കും.





