മകളുടെ വീട്ടിലേക്ക് പോകവെ വീട്ടമ്മ ബസ്സിടിച്ചു മരിച്ചു. എഴുപുന്ന ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് അര്‍ച്ചന ഭവനത്തില്‍ മല്ലിക(59) ആണ് മരിച്ചത്. ദേശീയപാതയില്‍ അരൂര്‍ അമ്പലം ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് മല്ലികയെ സ്വകാര്യ ബസ്സിടിച്ചു വീഴ്ത്തിയത്. ബസ്സിന്റെ പിൻചക്രങ്ങൾ ഇവരുടെ ദേഹത്തിലൂടെ കയറിയിറങ്ങി. മല്ലിക സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
|
പാണാവള്ളിയിലെ മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു മല്ലിക.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ സിപിഐഎം അരൂര്‍ ലോക്കല്‍കമ്മിറ്റി ഓഫിസിന് മുന്നിലാണ് അപകടം. മേൽപാത നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്കിലായിരുന്നു ഈ സമയം അരൂര്‍ അമ്പലം കവല. ഇതിനിടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന മല്ലികയെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
അരൂര്‍ പോലീസും അഗ്നിശമനസേനയും എത്തിയാണ് മൃതശരീരം അരൂക്കുറ്റി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. മല്ലിക എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തില്‍ സഹായിയായി ജോലിചെയ്യുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ അജയന്‍, മക്കള്‍: അനില്‍കുമാര്‍ (വര്‍ക്ക്‌ഷോപ്പ്, ശ്രീനാരായണപുരം), അര്‍ച്ചന, മരുമക്കള്‍: മനോജ്, രേഷ്മ. അരൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പില്‍.





