28
Sep 2023
Mon
28 Sep 2023 Mon

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി മൊയ്തീന്‍ ഇന്ന് രാവിലെ 11 മണിക്ക് EDക്ക് മുന്നില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ.സി മൊയ്തീന്‍ എം.എല്‍.എ ഇന്ന് ഇ.ഡി ഓഫീസില്‍ ഹാജരാകും. രാവിലെ 11ന് ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് മൊയ്തീനോട് നിര്‍ദേശിച്ചിട്ടുള്ളത്. 10 വര്‍ഷത്തെ ആദായ നികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാനും മൊയ്തീനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ഇയാള്‍ നടത്തിയ 150 കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പിന് ഉന്നതരുടെ ഒത്താശ ലഭിച്ചെന്നാണ് മൊഴികള്‍. ബാങ്ക് ഇടപാടുകാര്‍, നിക്ഷേപകര്‍, അംഗങ്ങള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, സിപിഎം പ്രാദേശിക നേതാക്കള്‍ തുടങ്ങിയവരില്‍ നിന്നെല്ലാം തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

മൊയ്തീനുമായി അടുത്ത ബന്ധമുള്ള തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസിനെയും, വടക്കാഞ്ചേരി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷനെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. അനൂപ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും. എന്നാല്‍ അരവിന്ദാക്ഷന്‍ ഇന്ന് ഇഡിക്ക് മുന്നിലെത്തില്ല. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞാണ് അരവിന്ദാക്ഷന്‍ ഒഴിവാകുന്നത്.

ബാങ്കില്‍നിന്ന് ബിനാമികള്‍ക്ക് വ്യാജ വായ്പ അനുവദിക്കുന്നതില്‍ എസി മൊയ്തീന്‍ ഇടപെട്ടുവെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. തട്ടിപ്പ് ആസൂത്രണം ചെയ്തവരും വായ്പത്തുക കൈപ്പറ്റിയവരും ഇടനിലക്കാരും സിപിഎം ബന്ധമുള്ളവരും നല്കിയ മൊഴികള്‍ അടിസ്ഥാനമാക്കിയാവും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനാല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു.