28
Sep 2023
Tue
28 Sep 2023 Tue

നിപ സംശയം: ചികിത്സയില്‍ നാലുപേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍, കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കോഴിക്കോട്: നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് നാലുപേര്‍ ചികിത്സയിലെന്നും നിരീക്ഷണത്തിന് പതിനാറ് അംഗ ടീമുകള്‍ രൂപികരിച്ചതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയില്‍ ഉള്ളത്. ഒമ്പതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രി ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതപാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാംപിള്‍ ശേഖരണം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ ജോലികള്‍ക്കാണ് നിരീക്ഷകരെ നിയോഗിച്ചത്. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിക്കുമെന്നും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കുമെന്നും ഉന്നതതലയോഗത്തിന് ശേഷം ആരോഗ്യമന്ത്രി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ഇന്ന് വൈകീട്ട് വരുന്ന പരിശോധനാഫലം നെഗറ്റീവ് ആകട്ടെ എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ആരോഗ്യവകുപ്പ് ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യാവുന്ന എല്ലാ മുന്നൊരുക്കങ്ങളും ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഒട്ടും സമയനഷ്ടം ഇല്ലാതിരിക്കാനാണ് ഇപ്പോഴത്തെ മുന്‍കരുതലുകള്‍. രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ 2018ല്‍ തയ്യാറാക്കിയതും 2021ല്‍ പുതുക്കിയതുമായ ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആശുപത്രി സന്ദര്‍ശനം ആവശ്യമെങ്കില്‍ മാത്രമേ നടത്താവൂ. രോഗികളെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിപ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

90വീടുകളില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. പനി ബാധിച്ച് മരിച്ചവരുമായി െ്രെപമറി കോണ്‍ടാക്ടുള്ള 75 പേരെ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. പനി ബാധിച്ച് ആദ്യം മരിച്ചയാള്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ പോയി അതിനുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലും പോയിരുന്നു. ഏതാണ്ട് സമാനമായ രീതിയിലാണ് രണ്ടാമത്തെ പേഷ്യന്റെ കാര്യത്തിലും സംഭവിച്ചത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. ചികിത്സ ആവശ്യമുള്ളവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കുക ലക്ഷ്യമിട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ കുറ്റിയാടിയില്‍ പ്രാദേശിക യോഗം ചേരും. ഫലം പോസിറ്റിവായാല്‍ കൃത്യമായ പ്രോട്ടോകോള്‍ നിലവില്‍ വരും.പോസിറ്റിവാണെങ്കില്‍ അതിന്റെ പ്രോട്ടോകോള്‍ അനുസരിച്ചാവും സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞു.