28
Jun 2024
Tue
28 Jun 2024 Tue
Rahul and Priyanka wayanad

ന്യൂഡല്‍ഹി: ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം വന്നു. രണ്ട് മണ്ഡലത്തിലും വിജയിച്ച രാഹുല്‍ വയനാട് ഒഴിവാക്കി റായ് ബറേലി നിലനിര്‍ത്തും. ( Rahul gandhi to quit Wayanad; priyant will contest, Binoy viswam to oppose )  പകരം വയനാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കും. ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ആദ്യമായാണ് പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘രാഹുല്‍ രണ്ടു സീറ്റില്‍ മത്സരിച്ചു. എന്നാല്‍ അതില്‍ ഒരു സീറ്റ് ഒഴിയണം. രാഹുല്‍ റായ്ബറേലിയില്‍ തുടരാന്‍ പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചു. ഗാന്ധി കുടുംബവുമായി വലിയ ബന്ധമുള്ള സ്ഥലമാണ് റായ്ബറേലി. തങ്ങളുടെ മണ്ഡലത്തില്‍ തന്നെ തുടരണമെന്ന് ഇരു മണ്ഡലങ്ങളിലെയും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, രണ്ടു സീറ്റില്‍ തുടരാന്‍ നിയമം അനുവദിക്കുന്നില്ല. ഇതിനാല്‍ വയനാട് ഒഴിയാന്‍ തീരുമാനിച്ചു. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും” യോഗത്തിനുശേഷം ഖാര്‍ഗെ പറഞ്ഞു.

വയനാട്ടിലെ ജനങ്ങളോട് രാഹുല്‍ ഗാന്ധി നന്ദിയറിയിച്ചു. പോരാടാനുള്ള ഊര്‍ജം തന്ന വയനാടിനെ ഒരിക്കലും മറക്കില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രിയങ്ക ജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ട്. പാര്‍ലമെന്റില്‍ തങ്ങള്‍ക്ക് രണ്ട് പ്രതിനിധികളുണ്ടെന്ന് വയനാട്ടുകാര്‍ക്ക് കരുതാം. പ്രിയങ്കയും താനും. വയനാട്ടിലെ ഓരോരുത്തരെയും താന്‍ സ്‌നേഹിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുലിന്റെ അസാന്നിധ്യം നേരിടേണ്ടിവരില്ലെന്ന് പ്രിയങ്ക പറഞ്ഞു. വയനാടിന്റെ നല്ല പ്രതിനിധിയാകാന്‍ അധ്വാനിക്കും. തങ്ങള്‍ ഇരുവരും വയനാട്ടിലും റായ്ബറേലിയിലും ഉണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു.

റായ്ബറേലി മണ്ഡലത്തില്‍ ഇത്തവണ രാഹുല്‍ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണു നേടിയത്. ബി.ജെ.പി സ്ഥാനാര്‍ഥി ദിനേശ് പ്രതാപ് സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടില്‍ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. സി.പി.ഐയുടെ ആനിരാജ രണ്ടാം സ്ഥാനത്തും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മൂന്നാമതുമായി.

ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥി

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം എ.ഐ.സി.സി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിനോയ് വിശ്വം സി.പി.ഐയുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ മുന്നണിയെ മുന്‍നിരയില്‍ നിന്ന് പോരാടുന്ന രാഹുല്‍ ഗാന്ധിക്കെതിരേ ഇന്ത്യ മുന്നണിയില്‍ പെട്ട ഇടതുപക്ഷം വയനാട്ടില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് നേരത്തേ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി വോട്ട് കുറയ്ക്കാനാണ് താന്‍ മല്‍സരിക്കുന്നതെന്ന ബിനോയ് വിശ്വത്തിന്റെ വിശദീകരണം.