01
Aug 2024
Wed
01 Aug 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്‍ക്കത്ത: വനിതാ ഡോക്ടര്‍ ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാളില്‍ നടന്നുവരുന്ന അക്രമാസക്തസ്വഭാവമുള്ള സമരങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് പിന്തുണയുള്ള വിദ്യാര്‍ഥി കൂട്ടായ്മയെന്ന് ആക്ഷേപം. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കുകയും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുകയുമാണ് കൂട്ടായ്മയുടെ ലക്ഷ്യം. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സര്‍ക്കാരിനെതിരേ 2011ല്‍ അന്നാ ഹസാരേയുടെ നേതൃത്വത്തില്‍ തുടങ്ങിയ അഴിമതി വിരുദ്ധ സമരമാതൃകയില്‍ ആണ് മമതക്കെതിരായ പ്രക്ഷോഭവും എന്നാണ് റിപ്പോര്‍ട്ട്.

 

RSS അനുഭാവികള്‍ സ്ഥാപിച്ച ഛത്ര സമാജ് എന്ന സംഘടനയാണ് സമരങ്ങള്‍ക്ക് പിന്നില്‍. വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത് രൂപം കൊണ്ടത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികള്‍ ആസൂത്രണംചെയ്തതും ഈ സംഘടനയാണ്. സംഘടനയുടെ RSS   ബന്ധം ചൂണ്ടിക്കാട്ടി സി.പി.എമ്മും കോണ്‍ഗ്രസും ഛത്ര സമാജുമായി അകലം പാലിക്കുകയായിരുന്നു. ഛത്ര സമാജിനെ പിന്തുണയ്ക്കുന്നില്ലെന്നും അതുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും തുടക്കത്തിൽ സമരത്തില്‍ സജീവമായിരുന്ന CPI (M) നേതാവ് മീനാക്ഷി മുഖര്‍ജി അറിയിച്ചു.

 

RSS-backed student organization behind the Kolkata strike

മെഡിക്കല്‍ പ്രൊഫഷനുമായി ബന്ധമില്ലാത്തവരുള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് അക്രമാസക്തവും വ്യാപകവുമായ സമരം നടത്തുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമരക്കാരുടെ RSS ബന്ധം തെളിയിക്കുന്ന ചില വിഡിയോകള്‍ തൃണമൂല്‍ പുറത്തുവിടുകയുംചെയ്തു.
ഛത്ര സമാജ് നേതാവ് കൊല്‍ക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ച് ബി.ജെ.പി നേതാക്കളുമായി കാറില്‍കൂടിക്കാഴ്ചയ്‌ക്കെത്തിയതായി പൊലിസും സ്ഥിരീകരിച്ചു. പൊലിസിനെ പ്രകോപിപ്പിക്കാനും മനപ്പൂര്‍വം ക്രമസമാധാനം തകര്‍ക്കാനുമുള്ള പദ്ധതികള്‍ നടക്കുന്നതായി സൂചനലഭിച്ചതായി പശ്ചിമബംഗാള്‍ ADGP മനോജ് വര്‍മ പറഞ്ഞു.

RSS-backed student organization behind the Kolkata strike
ബി.ജെ.പി ബന്ധം ഛത്ര സമാജ് നേതാവും അധ്യാപകനുമായ ശുഭാങ്കര്‍ ഹല്‍ദാറും നിഷേധിച്ചെങ്കിലും താന്‍ ആര്‍.എസ്.എസ് അംഗമായിരുന്നെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശുഭാങ്കറിന്റെ പേരില്‍ നാദിയ ജില്ലയില്‍ പീഡനക്കേസ് നിലവിലുണ്ട്. ഇക്കാര്യം അദ്ദേഹം അംഗീകരിക്കുകയും ചെയ്തു.
കൂട്ടായ്മയ്ക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്നും തൃണമൂൽ സർക്കാരിനെതിരായ പ്രക്ഷോഭത്തില്‍ ആരുമായും സഹകരിക്കുമെന്നുമാണ് ഇതിനോട് പശ്ചിമ ബംഗാൾ ഘടകം BJP പ്രസിഡന്റ് സുകന്ത മജൂംദാര്‍ പ്രതികരിച്ചത്. ഇതേസമയം സമരത്തിനിടെ പോലിസിന് നേർക്ക് കാവി വസ്ത്രം ധരിച്ചവരും ബിജെപി റിബൺ കെട്ടിയവരും കല്ലെറിയുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

RSS-backed student organization behind the Kolkata strike