21
Mar 2025
Wed
21 Mar 2025 Wed
Sunita Williams

വാഷിങ്ടണ്‍: ഒന്‍പതു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു ശുഭാവസാനം. ഇന്ത്യന്‍ വംശജ സുനിത വില്യംസും സംഘവും ഒടുവില്‍ ഭൂമിയില്‍. (Sunita Williams Smiles, Waves As She Returns Home After 286 Days In Space ) തിരിച്ചെത്തിയ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതര്‍. ഇരുവര്‍ക്കുമൊപ്പം ബഹിരാകാശ യാത്രികരായ നിക് ഹേഗും അലക്സാണ്ടറും സുരക്ഷിതരായി പേടകത്തില്‍ നിന്നിറങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ലോറിഡ തീരത്തിനു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഇറങ്ങിയത്.

പുലര്‍ച്ചെ 4.17നാണ് ആദ്യം നിക് ഹേഗിനെയും പിന്നാലെ അലക്സാണ്ടര്‍, സുനിത, വില്‍മോര്‍ എന്നിവരെയും പുറത്തെത്തിച്ചത്. എല്ലാവരോടും സന്തോഷത്തോടെ കൈവീശിയാണ് സുനിതയും വില്‍മോറും പേടകത്തില്‍ നിന്നിറങ്ങിയത്. യാത്രികരെ ഹെലികോപ്റ്ററില്‍ ഹൂസ്റ്റലിലെത്തിക്കും. സുരക്ഷിതമായി കപ്പലിലെത്തിയ പേടകത്തിലെ റിക്കവറി 30 മിനിറ്റിനകമാണ് പൂര്‍ത്തിയാക്കിയത്.

ALSO READ: ഗസയില്‍ ഇസ്രായേലിന്റെ നരനായാട്ട് തുടരുന്നു; മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു പേടകത്തിന്റെ സ്പ്ലാഷ് ഡൗണ്‍ വിജയകരമായത്. കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി.

4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററില്‍ കൊണ്ടുപോകുക.

Nick Hague

നിക് ഹേഗ്

ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി.

എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.

Aleksandr Gorbunov

അലക്സാണ്ടർ ഗോർബുനോവ്

ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്.