
ന്യൂഡല്‍ഹി: സംഭലിലെ ഷാഹി ജുമാ മസ്ജിദിന് സമീപത്തെ കിണറില്‍ പൂജയോ മറ്റു പ്രവര്‍ത്തനങ്ങളോ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി സുപ്രിം കോടതി. (Supreme Court bans worship at Sambhal Mosque’s well) സംഭല്‍ ജില്ലാ അധികൃതര്‍ പുറപ്പെടുവിച്ച നോട്ടീസ് സ്‌റ്റേ ചെയ്ത് കൊണ്ടാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന, ജസിറ്റിസ് പി വി സഞ്ജയ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി. ജില്ലാ ഭരണകൂടത്തെ കൂട്ടുപിടിച്ച് ക്രമേണ മസ്ജിദ് കൈയേറാനുള്ള സംഘപരിവാര പദ്ധതിയാണ് ഇതോടെ പൊളിഞ്ഞത്.
![]() |
|
ഇത് സംബന്ധമായ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഫെബ്രുവരി 21ന് മറുപടി നല്‍കാനാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു. രണ്ടാഴ്ച്ചയ്ക്കകം പ്രദേശത്തെ തദ്സ്ഥിതി റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കിണറുമായി ബന്ധപ്പെട്ട് മറ്റ് നിര്‍ദേശങ്ങളൊന്നും ബന്ധപ്പെട്ടവര്‍ ഈ കാലയളവില്‍ പുറപ്പെടുവിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
മസ്ജിദില്‍ സര്‍വേ നടത്താനുള്ള സിവില്‍ കോടതി ഉത്തരവിനെതിരേ സംഭല്‍ ജുമാ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കവേയാണ് കോടതി സ്‌റ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചത്.
ALSO READ: ആലുവയില്‍ 40 പവന്‍ സ്വര്‍ണവും എട്ടരലക്ഷം രൂപയും കവര്‍ന്ന കേസില്‍ ട്വിസ്റ്റ്; മന്ത്രവാദി പിടിയില്‍
മുഗള്‍ കാലഘട്ടത്തില്‍ ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണ് മസ്ജിദ് എന്നവകാശപ്പെട്ട് സംഘപരിവാര പ്രവര്‍ത്തകനായ അഡ്വ. ഹരി ശങ്കര്‍ ജെയിന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സിവില്‍ കോടതി സര്‍വേയ്ക്ക് അനുമതി നല്‍കിയത്. സര്‍വേയെ എതിര്‍ത്ത് മുസ്ലിംകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് നടന്ന വെടിവയ്പ്പില്‍ ആറ് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട സുപ്രിം കോടതി മസ്ജിദിന്റെ തദ്സ്ഥിതി നിലനിര്‍ത്താന്‍ ആവശ്യപ്പെടുകയും കീഴ്ക്കാടതികള്‍ ഇത്തരം വിധികള്‍ പുറപ്പെടുവിക്കുന്നത് തല്‍ക്കാലത്തേക്ക് വിലക്കുകയും ചെയ്തു.
പഴയ ക്ഷേത്രങ്ങളും കിണറുകളും പുനരുദ്ധരിക്കാനുള്ള പദ്ധതി എന്ന പേരില്‍ സംഭല്‍ മസ്ജിദിലെ കിണറില്‍ പൂജ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്താന്‍ സംഭല്‍ ജില്ലാ ഭരണകൂടം നീക്കം നടത്തുന്നതായി മസ്ജിദ് കമ്മിറ്റി പുതിയ അപേക്ഷയില്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധമായി മസ്ജിദിന് സമീപത്തും സംഭലിലെ മറ്റിടങ്ങളിലും പതിപ്പിച്ച പോസ്റ്ററുകളില്‍ മസ്ജിദിനെ ക്ഷേത്രമായാണ് പരാമര്‍ശിച്ചിരിക്കുന്നത്.
”ചരിത്രപ്രാധാന്യമുള്ള കിണറുകളെയും ക്ഷേത്രങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്ററില്‍ മസ്ജിദിനെ ക്ഷേത്രമായാണ് കാണിച്ചിരിക്കുന്നത്. സംഭല്‍ നഗര്‍ പാലിക പരിഷദ് പതിച്ചതാണ് ഈ പോസ്റ്ററെന്ന് അതില്‍ പറയുന്നുണ്ട്.”- കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.
മസ്ജിദിന്റെ കവാടത്തില്‍ പകുതി അകത്തും പകുതി പുറത്തുമായി സ്ഥിതി ചെയ്യുന്ന കിണറില്‍ ഹിന്ദുക്കള്‍ക്ക് പൂജ ചെയ്യാന്‍ അനുമതി നല്‍കാനാവില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കി. അവിടെ ഹൈന്ദവ പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കുന്നത് പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ആയതിനാല്‍ കിണറിന്റെ തദ്സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവിടണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹ്‌മദിയാണ് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായത്. പ്രദേശത്തെ ഹരി മന്ദിര്‍ എന്നാണ് നോട്ടീസില്‍ വിശേഷിപ്പിക്കുന്നതെന്നും അവിടെ പൂജയും മറ്റും നടത്താന്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടെയാണ് ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തരുതെന്നും സ്റ്റാറ്റസ് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടത്.
എന്നാല്‍, മസ്ജിദിന് പുറത്താണ് കിണറെന്നും അവിടെയാണ് ആരാധന നടക്കുന്നതെന്നും വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. എന്നാല്‍, കിണര്‍ പകുതി അകത്തും പകുതി പുറത്തുമാണെന്ന് അഡ്വക്കറ്റ് അഹ്‌മദി ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സംഭല്‍ ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ് നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന കാര്യം കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.