28
Oct 2023
Fri
28 Oct 2023 Fri

തൃശൂര്‍: ഹമാസിനെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ച ശശി തരൂര്‍ എംപിയുടെ അഭിപ്രായത്തെ പിന്തുണച്ച് സുരേഷ് ഗോപി. തരൂര്‍ പഠിക്കാതെ ഒരു കാര്യവും പറയില്ലെന്നും അതില്‍ തെറ്റായി ഒന്നും വ്യാഖ്യാനിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. ഞാന്‍ അതിനു മുന്‍പ് പറഞ്ഞില്ലേ. ഇസ്രായേലില്‍ നിന്നു വിളിച്ച അവിടുത്തെ മലയാളികളോട് പറഞ്ഞില്ലേ. മുസ്‌ലിംകളുടെ ശത്രുവാണ് ഹമാസ്, ഇസ്രായേലിന്റെ അല്ല. മുസ്‌ലിംകളാണ് അവരെ തീര്‍ക്കേണ്ടത്. തരൂരിനെ പോലൊരാള്‍ പഠിക്കാതെ ഒന്നും പറയില്ല. അതില്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നുമില്ല. മനുഷ്യരല്ലേ എല്ലാവരും, അവര്‍ക്കവരുടെ അഭിപ്രായം പറഞ്ഞുകൂടേ. അവര്‍ കണ്ടതും മനസ്സിലാക്കിയതും പറഞ്ഞുകൂടേ.

മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു.. അതുവരെയുള്ള നേതാക്കന്മാരുടെ ഒരു അനുചരന്‍ തന്നെയാണ് അദ്ദേഹം. അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. അതിലൊന്നും വ്യത്യാസമില്ല. ചില സത്യങ്ങള്‍ പറയാന്‍ പാടില്ല എന്ന് ആരും നിര്‍ബന്ധിക്കരുത്.ഫലസ്തീനിലുള്ളതും മനുഷ്യരാണ്. അവിടെയുള്ള സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥ കണ്ടാല്‍ നമ്മുടെ കരളലിയുകയല്ല, കരള്‍ മുറിയും. യുദ്ധം അവസാനിപ്പിക്കണം, ഈ ഹത്യയെല്ലാം അവസാനിക്കണം. പക്ഷേ അത് ആര് അവസാനിപ്പിക്കണം..രണ്ടും ഞാന്‍ പറഞ്ഞു.

ഒരു തീവ്രവാദിയും ഇവിടെ വാഴേണ്ട, അവശേഷിക്കേണ്ട. അത്രേയുള്ളൂ. ഞാന്‍ മനുഷ്യനെന്ന നിലയ്ക്കാണ് പറഞ്ഞിട്ടുള്ളത്, അല്ലാതെ ബിജെപിക്കാരന്‍ എന്ന നിലയ്ക്കല്ല. ഇത് ബിജെപിയുടെയും മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയുമല്ല. ഇത് മനുഷ്യന്റെ അഭിപ്രായമാണ്. അതവന്‍ ഹൃദയം കൊണ്ട് മനസ്സിലാക്കി സത്യം പ്രചരിപ്പിക്കുന്നതാണ്’സുരേഷ് ഗോപി പറഞ്ഞു.

ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയിലായിരുന്നു ശശി തരൂരിന്റെ വിവാദ പരാമര്‍ശം. ഹമാസിനെ ഭീകരവാദികളെന്നും ഗസയിലെ ആക്രമണത്തെ യുദ്ധമെന്നും വിശേഷിപ്പിച്ചതാണ് വിവാദമായത്. മറുപടി പ്രസംഗത്തില്‍ തരൂരിനെ തിരുത്തി ലീഗ് നേതാക്കളും രംഗത്തുവന്നിരുന്നു.