28
Sep 2023
Tue
28 Sep 2023 Tue

കൊച്ചി: ബസ്സില്‍ വച്ച് യാത്രക്കാരിയുടെ പണം മോഷ്ടിച്ചു; തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍; പിടിയിലായത് പഠിച്ച കള്ളി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍. തമിഴ്‌നാട് ചെന്നൈ എംഒആര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന പ്രിയ (23) ആണ് അറസ്റ്റിലായത്. പണയ സ്വര്‍ണം തിരിച്ചെടുക്കാന്‍ സ്വരുകൂട്ടിയ 17000 രൂപയാണ് അത്താണി സ്വദേശിനിയായ വീട്ടമ്മയുടെ ബാഗില്‍ നിന്നു മോഷ്ടിക്കപ്പെട്ടത്. പള്ളിക്കര എറണാകുളം റൂട്ടില്‍ ഓടുന്ന ബസിലാണ് മോഷണം നടത്തിയത്. ഇവര്‍ മറ്റൊരു സ്ത്രീയുടെ ബാഗില്‍ നിന്ന് 1000 രൂപയും മോഷ്ടിച്ചു. പണം അടങ്ങിയ ബാഗ് കൈവശമുള്ളവരെ രണ്ടോ മൂന്നോ പേരുള്ള സംഘം ചേര്‍ന്ന് കൈയും മുഖവും അനക്കാന്‍ പറ്റാത്ത വിധത്തില്‍ പ്രത്യക രീതിയില്‍ ലോക്ക് ചെയ്ത ശേഷമാണ് ഇവര്‍ സിബ് തുറന്ന് മോഷണം നടത്തിയത്. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ പരാതിക്കാരി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ബസ് കാക്കനാട് ഐഎംജി ജങ്ഷന് അടുത്ത് നിര്‍ത്തുകയായിരുന്നു.

ബസ് നിര്‍ത്തിയ ഉടന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രിയയെ നാട്ടുകാരും വാഹനത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളും ചേര്‍ന്നാണ് പിടികൂടിയത്. പ്രിയയുടെ പക്കല്‍ നിന്ന് 7000 രൂപ കണ്ടെടുത്തു. ബഹളത്തിനിടെ ബാക്കിയുള്ള മോഷ്ടാക്കള്‍ പണവുമായി കടന്നുകളഞ്ഞു.

അതേസമയം, പിടിയിലായത് പഠിച്ച കള്ളിയാണെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യുമ്പോള്‍ അലമുറയിട്ട് കരയുകയും ഗര്‍ഭിണിയാണെന്ന് പറഞ്ഞ് അഭിനയിച്ച് അവശത കാണിക്കുകയുമാണ് യുവതി. ചോദ്യത്തോട് പ്രതികരിക്കുന്നുമില്ല.

ഉത്സവ സ്ഥലങ്ങളിലും ബസുകളിലും സ്വര്‍ണവും പണവും മോഷ്ടിച്ചതിന് സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ പിടിക്കപ്പെട്ട് ജയിലുകളില്‍ കഴിഞ്ഞിട്ടുള്ള ഇവരുടെ പക്കല്‍ തിരിച്ചറിയല്‍ രേഖകളോ മോബൈല്‍ ഫോണോ ഉണ്ടാകാറില്ല. ശരിയായ വിലാസവും പറയാറില്ല. ഓരോ കേസുകളിലും ഓരോ പേരുകളാണ് ഇവര്‍ പറയുന്നത്.