വടകര: വടകര പുതുപ്പണത്ത് മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. പുതുപ്പണം വെളുത്തമല വായനശാലക്ക് സമീപം ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. കോണ്‍ഗ്രസ്- ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സി.പി.എം ആരോപിച്ചു.
|
സി.പി.എം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗര സഭ കൗണ്‍സിലറുമായ കെ.എം. ഹരിദാസന്‍, സി.പി.എം വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, ബിബേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രവീണിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഹരിദാസനെയും ബിബേഷിനെയും വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയുടെ മേല്‍ക്കൂരയുടെ ഷീറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി അസ്വാരസ്യം പുകയുന്നുണ്ടായിരുന്നു.
പൊതുസ്ഥലത്ത് നിര്‍മിച്ച വായനശാലാ കെട്ടിടത്തിനെതിരെ സമീപവാസി നഗരസഭക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഗ്രന്ഥാലയം സംരക്ഷിച്ച് നിര്‍ത്താന്‍ സി.പി.എം പ്രവര്‍ത്തകര്‍ ഷീറ്റ് സ്ഥാപിച്ചിരുന്നു.
ഇന്നലെ അര്‍ധരാത്രിയോടെ ഗ്രന്ഥാലയത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് ഒരു സംഘം നശിപ്പിക്കുകയുണ്ടായി. ഇതേ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെയാണ് സി.പിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്.
ആക്രമണത്തില്‍ പ്രതിഷേധിച്ച് പുതുപ്പണത്ത് വൈകീട്ട് അഞ്ചുമണി വരെ സി.പി.എം ഹര്‍ത്താലിന് ആഹ്വാനംചെയ്തു.


